ഞാനാണ് ശരി എന്റെ വിശ്വാസങ്ങളാണ് ശരി എന്നവൻ വാദിച്ചു... കൂട്ടിനു ശാസ്ത്രത്തെയും, യുക്തിയെയും, ധാർമികതയെയും കൂട്ടുപിടിച്ചു.
എന്റെ പാർട്ടിയാണ് ശരി, എന്റെ നേതാവ് പറയുന്നതാണ് ശരി എന്നവൻ തർക്കിച്ചു... ഞങ്ങളാണ് ഈ നാടിനെ ഇങ്ങനെയാക്കിയത്. മറ്റു പാർട്ടിക്കാർ എല്ലാം തകർക്കുകയാണ് എന്ന് അവൻ സമർത്ഥിച്ചു...
എന്നിട്ട് അവൻ പറഞ്ഞു ഞാൻ നിക്ഷ്പക്ഷൻ ആണെന്ന്
എന്റെ മതമാണ് ശരി, എന്റെ ദൈവം മാത്രമാണ് സത്യം.. മറ്റുള്ളവയെല്ലാം അന്ധവിശ്വാസങ്ങളും മണ്ടത്തരങ്ങളും ആണെന്ന് മനസിലുറപ്പിച്ചു
എന്നിട്ട് അവൻ പറഞ്ഞു എനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണ് എന്ന്
ദൈവം ഇല്ല.. എല്ലാം ശുദ്ധമണ്ടത്തരമാണെന്നു പറഞ്ഞു, ദൈവങ്ങളെ കളിയാക്കി അവൻ ട്രോൾ ശരി ചെയ്തു..
എന്നിട്ട് സ്വന്തം കുഞ്ഞിന്റെ ചടങ്ങിനായി ആരാധനാലയത്തിലേക്ക് അവൻ നടന്നു യുക്തിവാദിയെന്ന തലയെടുപ്പോടെ
സ്കൂട്ടർ മാറ്റി കാർ എടുത്തു, കാര് മാറ്റി suv എടുത്തു.. SUV യും പഴയതായി എന്ന തോന്നിയപ്പോൾ, പുതിയ കാറുകളെ കുറിച്ചു സുഹൃത്തുമായി ചർച്ച ചെയ്യുന്നതിനിടെ അവൻ പറഞ്ഞു.. എത്ര പേരാണ് ഭക്ഷണവും, ജോലിയുമില്ലാതെ വിഷമിക്കുന്നത് സർക്കാർ അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന്
മകൾക്ക് എൻഗേജ്മെന്റിന് ഇടാൻ 40,000 രൂപയുടെ ഡ്രസ് വാങ്ങി വരുന്ന വരവിൽ അയാൾ ഡ്രൈവറോട് പറഞ്ഞു.. ഇന്നത്തെ കാലത്ത് ജീവിക്കാൻ എന്ത് കഷ്ടപാടാ അല്ലെന്ന്
ചാനൽ ചർച്ചകളിൽ തന്റെ നേതാവിന്റെ തീപ്പൊരി ഡയലോഗ് അടർത്തിയെടുത്ത്... തേച്ചൊട്ടിച്ചു, ഭീത്തിയിലൊട്ടിച്ചു.. എന്ന ക്യാപ്ഷൻ കൊടുത്തു നിർവൃതിയടഞ്ഞു
എതിർ പാർട്ടികാരൻ അവന്റെ നേതാവിന്റെ ഭാഗം എടുത്തു ഇതുപോലെ അവനും നിർവൃതിയടഞ്ഞു
ഗതി ഇല്ലാതെ വന്നപ്പോൾ വാഴകൃഷി വേണ്ടന്ന് വെച്ചു, ഫാക്ടറി തുടങ്ങിയവന്റെ മുൻപിൽ കൊടികുത്തി.. സമര.ചെയ്തു..
എന്നിട് പ്രസംഗ വേദിയിൽ
തൊഴിലില്ലായ്മ കാരണം ആളുകൾ ബുദ്ധിമുട്ടുന്നതിനെ കുറിച്ചു വ്യാകുലനായി, സർക്കാരിനെ നയങ്ങളെ വിമർശിച്ചു അവൻ പോയി
തന്റെ ഏഴാമത്തെ മോളുടെ നാലാമത്തെ പ്രസവത്തിന്.
ജനങ്ങൾ മരിച്ചുവിഴുമ്പോഴും വ്യാപാരം നടക്കണം ഇല്ലങ്കിൽ സമ്പത്ത്വ്യവസ്ഥ തകരും.. എന്നു പറഞ്ഞിട്ട് അവർ പറഞ്ഞു... ഞങ്ങൾ വികസിത രാജ്യമാണ്
വൈറസ് വ്യാപനം നടക്കുമ്പോൾ ഭക്ഷണത്തെക്കാൾ ആവശ്യമായ മദ്യശാലകൾ തുറന്നിട്ട് അവർ പറഞ്ഞു ഞങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഞങ്ങൾക്ക് കള്ള് വിറ്റ് വേണം സമ്പത്ത് വ്യവസ്ഥ നിലനിർത്താൻ...
തന്റെ പാർട്ടിയെ പ്രശംസിക്കുന്ന, മറ്റുള്ളവയെ വിമർശിക്കുന്ന ഒരു വൈറൽ വിഡിയോ ഷെയർ ചെയ്തുകൊണ്ട് അവൻ പറഞ്ഞു.. എനിക്ക് പാർട്ടിയില്ല
കോടികൾ മുടക്കി ബംഗ്ലാവ് പണിതിട്ടും ഒടുക്കം അവനുറങ്ങിയത് ചളി പുരണ്ട മണ്ണിൽ...
ഇതൊക്കെ ഇവിടെ കുത്തിക്കുറിച്ചു എന്റെ കാര്യം നോക്കി പോവുമ്പോൾ ഞാനും പറഞ്ഞു.... സമൂഹം മാറണം....

0 comments:
Post a Comment